ബാലുശ്ശേരി : വിദ്യാലയങ്ങൾ തുറക്കാനുള്ള ദിവസമടുത്തതോടെ വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാനുള്ള തിരക്കിലാണ് വാഹനയുടമകൾ. സ്കൂൾബസുകൾ, ഓട്ടോറിക്ഷകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയാണ് അറ്റകുറ്റപ്പണികൾ തീർത്ത് ഫിറ്റ്നസിനായി ഒരുക്കിയത്. നന്മണ്ട ജോയന്റ് ആർടിഒ ഓഫീസിനു കീഴിൽ നന്മണ്ട കുന്നത്തെരു ബാലുശ്ശേരി റോഡിൽവെച്ചാണ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്.
നന്മണ്ടയിൽ നിന്ന് ആരംഭിക്കുന്ന വാഹനങ്ങളുടെ നിര കുന്നത്തെരുവരെയുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പരിശോധിക്കുന്നത്. ഫിറ്റ്നസില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിക്കാൻ പാടില്ലെന്ന കർശന നിർദേശമുള്ളതിനാൽ ഇത്തരം വാഹനങ്ങളുടെ മിനുക്കുപണികൾ തകൃതിയായി നടക്കുന്നുണ്ട്.