ന്യൂഡല്‍ഹി : വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ വര്‍ധിക്കുന്ന കാരണത്താല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഹോസ്റ്റലുകളില്‍ നിന്ന് സീലിങ്ങ് ഫാനുകള്‍ നീക്കുന്നു. 2021 മാര്‍ച്ചിന് ശേഷം നാല് വിദ്യാര്‍ഥികളാണ് ഐ.ഐ.എസ്.സി ഹോസ്റ്റലുകളില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നു .സീലിങ്ങ് ഫാനുകള്‍ക്ക് പകരം ടേബിള്‍ ഫാനുകളോ, വാല്‍ മൗണ്ട് ഫാനുകളോ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മാനസികാരോഗ്യ ക്ലാസ്സുകളും കൗണ്‍സിലിങ്ങുകളും നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് ഹോസ്റ്റലില്‍ തന്നെ തുടരേണ്ടി വന്ന വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചില്ലെന്നും സീലിംങ്ങ് ഫാനുകള്‍ ഒഴിവാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കോവിഡ് സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മുതലെ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.
നിലവില്‍ ക്ലാസില്‍ പോകാനും തിരികെ ഹോസ്റ്റലിലേക്ക് വരാനും മാത്രമേ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. വിദ്യാര്‍ഥികള്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ ആരുമായി ഇടപഴകുന്നുവെന്നും നിരീക്ഷിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ച, ‘കോവിഡ് ബ്രിഗേഡ്’ പരസ്പരം സംസാരിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ഇത് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.





























