റാന്നി: കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികളുടെ പ്രദർശനമായി എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളൊരുക്കിയ ഇംഗ്ലീഷ് ബിനാലെ സീസൺ 2. ഏപ്രിൽ 23 ഇംഗ്ലീഷ് ദിനം വരെ നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ബിനാ
ലേക്കും ഇംഗ്ലീഷ് ഫെസ്റ്റിനും വർണ്ണാഭമായ തുടക്കം. ബിനാലെ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് കയ്യെഴുത്ത് മാസിക, ബിനാലെ പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനം റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ നിർവഹിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖാ മാനേജർ ശ്യാം ശങ്കർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുമായുള്ള സംവാദത്തിന് കോട്ടയം സി എം എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ഡേവിഡ് എബ്രഹാം, ജവാഹർ നവോദയ വിദ്യാലയ അധ്യാപിക രശ്മി ദിപിൻ എന്നിവർ നേതൃത്വം നൽകി.
നൂൺ മീൽ ഓഫീസർ മോളി അലക്സ്, .പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മാതൃ സമിതി പ്രസിഡന്റ് ഷൈനി ജോർജ്, അലീന ജോൺ, ക്യുറേറ്റർ എം ജെ ബിബിൻ, ബിനാലെ വെരാൻസ്റ്റാൾട്ടർമാരായ , അനയ സിബി,പ്രിസ്കില്ല അനീഷ് ബഞ്ചമിൻ, ഐബൽ റെജി ജോർജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികൾ വർധിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് ബിനാലെയിൽ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യ ലോകത്തെ മഹാരഥന്മാരുടെ പേരുകളിലുള്ള 5 വേദികളിലായാണ് ഒരേ സമയം ബിനാലെ അരങ്ങേറിയത്.ഇംഗ്ലീഷ് കാർണിവൽ, ആർട്ട് ഗാലറി,ഡിസൈനർ സ്റ്റുഡിയോ, ക്രീയേറ്റീവ് സ്പോട്ട്, ഇംഗ്ലീഷ് തിയറ്റർ എന്നീ മേഖലകളിലായാണ് കുട്ടികൾക്ക് പ്രവർത്തനങ്ങൾ ഒരുക്കിയത്. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, കലാ പരിപാടികൾ, പുസ്തക പ്രദർശനം, പാവ നാടകം, ഹ്രസ്വ നാടകം, കാരിക്കേച്ചർ പ്രദർശനം, ഷേക്സ്പിയർ കഥാ പാത്രങ്ങളുടെ അവതരണം, സുമ്പാ നൃത്തം, എയ്റോബിക്സ് നൃത്തം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെ ബിനാലേയ്ക്ക് ആകർഷകമായി.
എണ്ണൂറാംവയൽ സ്‌കൂളുമായി പഠന പങ്കാളിത്തത്തിലേർപ്പിട്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് മാർലോ സ്കൂളിലെ കുട്ടികൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽക്കൂടി ഇംഗ്ലീഷ് ബിനാലെയിൽ തത്സമയം പങ്കാളികളായി. ആർട്ട് ഗാലറിയിൽ ചിത്ര കലാ അധ്യാപകൻ വിനോദ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കുട്ടികളുമായി ചേർന്ന് ബിഗ് കാൻവാസിൽ തത്സമയ ചിത്രീകരണം നടത്തി. കൂടാതെ വിനോദ് ഫ്രാൻസിസിന്റെ പെയിന്റിങ്ങുകളുടെ പ്രദർശനവും നടന്നു.വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും ചേർന്ന് സംഘടിപ്പിക്കുന്ന പഠനോത്സവത്തിനും തുടക്കമായി. അന്താരാഷ്ട്ര മില്ലെറ്റ് വർഷത്തിന്റെ ഭാഗമായി ഒരുക്കിയ ചെറു ധാന്യങ്ങളുപയോഗിച്ചുള്ള വിഭവങ്ങളുടെ പ്രദർശനത്തിൽ നൂറോളം വ്യത്യസ്തങ്ങളായ മില്ലെറ്റ് വിഭവങ്ങൾ പ്രദർശിപ്പിച്ചു. റാഗി, ചാമ, ചോളം, തിന, കവടപ്പുല്ല് തുടങ്ങി ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള സ്വാദിഷ്ടങ്ങളായ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രകൃതി സൗഹൃദങ്ങളായ അലങ്കാരങ്ങളും വസ്തുക്കളും മാത്രമാണ് ബിനാലെയ്ക്ക് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 23 ന് ഇംഗ്ലീഷ് ദിനം വരെ കുട്ടികൾക്ക് വേണ്ടി നിരവധി മത്സരങ്ങളും, പ്രദർശനങ്ങളും ഇംഗ്ലീഷ് ഭാഷാപരമായ പഠന പ്രവർത്തനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.