ഇടുക്കി: ഇടുക്കിയിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പെന്ന് പരാതി. അടിമാലിക്ക് സമീപം പത്താം മൈല്‍ സഹൃദയ അയല്‍ക്കൂട്ടത്തിലെ ഒമ്പത് പേരുടെ കള്ളയൊപ്പിട്ട് സെക്രട്ടറിയും, പ്രസിഡണ്ടും ലോണ്‍ എടുത്തെന്നാണ് ആരോപണം. വ്യാജരേഖ ചമച്ച് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തെന്ന പരാതിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പതിനൊന്ന് അംഗങ്ങളുള്ള അയല്‍ക്കൂട്ടത്തിലെ ഒമ്പത് ആളുകളും തങ്ങളുടെ പേരും ഒപ്പുമിട്ട് ലോണ്‍ സംഘടിപ്പിച്ചതിനെ കുറിച്ച് അറിഞ്ഞതേയില്ലെന്നാണ് ആക്ഷേപം. പരാതി നല്‍കിയത് അയല്‍ക്കൂട്ടം അംഗമായിരുന്ന മീരാമ്മ മജീദ്. അയല്‍ക്കൂട്ടം പ്രസിഡണ്ട് രേഖ രാധാകൃഷ്ണനും, സെക്രട്ടറി ഷൈമോള്‍ സുരേഷും ലോണ്‍ എടുത്ത വിവരം മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
പഞ്ചായത്തില്‍ നിന്ന് കോഴികളും, വിവിധ മരത്തൈകളും സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് രേഖ രാധാകൃഷ്ണനും ഷൈമോളും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് കൈവശം വെച്ചിരുന്നുവെന്നും ഇത് ഉപയോഗിച്ചാണ് ലോണ്‍ സംഘടിപ്പിച്ചതെന്നും മീരാമ്മ. പ്രതികളുടെ ആത്മഹത്യാഭീഷണിക്കു മുമ്പില്‍ ലോണ്‍ എടുത്തത് തങ്ങളുടെ അറിവോടെയെന്ന് മറ്റു അംഗങ്ങള്‍ എഴുതി ഒപ്പിട്ടുകൊടുത്തെന്നും മീരാമ്മ പറഞ്ഞു. താന്‍ മാത്രം വിട്ടുനിന്നു. രേഖ രാധാകൃഷ്ണനും ഷൈമോള്‍ക്കും പുറമെ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിഷ സന്തോഷും കേസില്‍ പ്രതിയാണ്. കേസായതറിഞ്ഞ് പ്രതികള്‍ പണം മുഴുവന്‍ തിരിച്ചടച്ച് തടിയൂരാന്‍ നോക്കി. എന്നാല്‍ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.