തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകറിനെതിരെ വിവിധ യൂണിയനുകൾ. സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്നും വിവിധ യൂണിയനുകൾ പറഞ്ഞു. ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു ആരോപിച്ചു. ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടെടുത്തത് എന്ന് സിഐടിയു ജനറൽ സെക്രട്ടറി വിനോദ് പ്രതികരിച്ചു. ധനവകുപ്പിന്റെ സഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഉന്നത തലങ്ങളിൽ അഴിമതിയുണ്ടെന്ന് സിഐടിയു നേരത്തെ സർക്കാരിനെ അറിയിച്ചതാണ്. ട്രേഡ് യൂണിയനുകളാണ് കുഴപ്പം എന്ന പ്രചരണം നേരത്തെ ഉയർന്നത്. അതിനാൽ വളരെ കരുതലോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. മാനേജ്മെന്റ് താൽപര്യം മാത്രം നടപ്പാൻ ശ്രമിച്ചപ്പോൾ എതിർത്തു എന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകൾക്ക് നൽകിയ കത്ത് ജനാധിപത്യ വിരുദ്ധമാണ്. യൂണിയൻ ഫണ്ട് പിരിക്കുക തന്നെ ചെയ്യും. സമാന്തര പ്രവർത്തനം നടത്തുന്നു എന്നത് ശരിയല്ല. വാക്കുകളിൽ തന്നെ പൊള്ളത്തരമാണ് ഇത്. ട്രേഡ് യൂണിയനിൽ കുറ്റം ചാർത്തേണ്ട സാഹചര്യം ഇല്ല. ഇത്രയും ധനകാര്യ സാഹായം നൽകിയ ഏത് ഗവൺമെന്റാണ് വേറെയുള്ളത്. എല്ലാ മാസവും 50 കോടി നൽകുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. നടപ്പാക്കിയില്ലെങ്കിൽ പരിശോധിക്കണം. ഉന്നത ഉദ്യോഗസ്ഥ തലത്ത് അഴിമതി തുടരുന്നുണ്ട്. ഇതിലും വലിയ അഴിമതി ഉള്ളിലുണ്ട്, മാനേജ്മെന്റ് തലത്തിൽ. തൊഴിലാളികളെ മുൻ നിർത്തി സർക്കാരിനോട് വില പേശുകയാണെന്നും അദ്ദേഹം ആരോപിച്ചു.