റായ്പൂര്‍ : ചത്തീസ്ഗഡിലെ നാരയണ്‍പൂര്‍ ജില്ലയിലെ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ക്യാമ്പിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
ചത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ 22 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ബക്കട(22) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോട്ടെ ദോഗംര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള കാദംപേറ്റ ക്യാമ്പിലാണ് ജിതേന്ദ്ര ജോലി ചെയ്തിരുന്നതെന്ന് ഐ ജി സുന്ദര്‍രാജ് പറഞ്ഞു.
ക്യാമ്പില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നേരെ രണ്ട് മാവോയിസ്റ്റുകള്‍ രണ്ട് തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇവര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. മാവോയിസ്റ്റുകളുടെ സംഘത്തിന് ഈ ആക്രമണത്തില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.