ചണ്ഡീഗഢ് : പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവിനെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി ബിജെപി എംപി ഗൗതം ഗംഭീർ. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ‘ബഡേ ഭായ് ’ എന്നു വിളിച്ചതിനെതിരെയാണ് ഗംഭീർ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് മക്കളെ അതിർത്തിയിലേക്ക് അയക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. നിങ്ങളുടെ മകളേയോ മകനേയോ അതിർത്തിയിലേക്ക് അയക്കൂ. എന്നിട്ട് തീവ്രവാദികളുടെ തലവനെ സഹോദരൻ എന്ന് വിളിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
പാകിസ്താനിലെ കർതാർപുർ സന്ദർശനവേളയിൽ പദ്ധതി സി.ഇ.ഒ.യുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സിദ്ദു ഇത്തവണ വിവാദപരാമർശം നടത്തിയത്. ഇമ്രാനോട് ഒരുപാട് സ്നേഹമുണ്ടെന്നും അദ്ദേഹം മൂത്ത സഹോദരനാണെന്നും സിദ്ദു പറയുന്നതിന്റെ വീഡിയോ പാകിസ്താൻ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തിട്ടുമുണ്ട്. 2018 – ൽ ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത സിദ്ദു ഇമ്രാനെ പുകഴ്ത്തിയതും പാക് കരസേനാമേധാവി ജനറൽ ബജ്വയെ ആലിംഗനം ചെയ്തതും വിവാദമായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
പാകിസ്താൻ പ്രേമിയായ സിദ്ദുവിനെ കോൺഗ്രസ് ഹൈക്കമാൻഡ് പിന്തുണയ്ക്കുകയാണെന്ന് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചു. ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണിതെന്നും ഹിന്ദുത്വത്തിൽ ഭീകരവാദം കാണുന്നവർ ഇമ്രാൻ ഖാനിൽ സഹോദരനെയാണ് കാണുന്നതെന്നും ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു. സിദ്ദുവിന്റെ പരാമർശത്തിനെതിരെ ആം ആദ്മി പാർട്ടിയും വിമർശനമുയർത്തി. ഇന്ത്യയിലേക്ക് ഭീകരത കയറ്റി അയക്കുന്നവർ എങ്ങനെ സഹോദരന്മാരാകുമെന്ന് പാർട്ടിവക്താക്കൾ ചോദിച്ചു.
സിദ്ദുവിനെതിരേ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസേന രാജ്യത്തിന് അപകടമുണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഇമ്രാൻ ഖാനെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി പ്രതികരിച്ചു. ഇമ്രാൻ ആരുടെയെങ്കിലും മൂത്ത സഹോദരനാവാം. പക്ഷേ ഇന്ത്യയുടെ കണ്ണിൽ രാജ്യത്തേക്ക് ഭീകരരെ കടത്തിവിടുന്നയാളും പഞ്ചാബിലേക്ക് ഡ്രോണുകളും മയക്കുമരുന്നും ആയുധങ്ങളും അയക്കുന്നയാളുമാണെന്നും തിവാരി പറഞ്ഞു.