തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണം നാളെ തുടങ്ങും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം. കേസ് അന്വേഷിക്കാൻ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നാളെ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധിക്കും. കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫീസറുടെ മൊഴിയെടുക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണം തേടും. അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് തട്ടിപ്പുകളിൽ സർക്കാരിന്റെ അന്വേഷണവും ഉടൻ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കളളിക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിന്‍റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജി എസ് ടി ഇനത്തിലെ 22.68 കോടി അടച്ചില്ലെന്ന് 2025 ജൂണിലാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജി എസ് ടി ഇന്‍റലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി അവഗണിച്ചു. എന്നിട്ടും തുടർ നടപടി എടുത്തില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു. നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു. റിപ്പോർട്ടർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും തുടർ നടപടി വൈകിയതിലാണ് കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫീസറോട് അന്വേഷണസംഘം വിശദീകരണം തേടുക. വിവിധ ഫയലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ വേ ബില്ലുകളും പരിശോധിക്കും. ബുധനാഴ്ചയോടെ പ്രാഥമിക റിപ്പോർട്ട് നൽകാനാണ് സാധ്യത.






























