കൊച്ചി : കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പോലീസ് പരിശോധന. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന വിലയിരുത്തല്‍ ഇല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ക്യാമ്പസുകളില്‍ ലഹരി തുടച്ചു മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.