തിരുവല്ല : വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് തിരുവല്ല ബൈപ്പാസ് റോഡിലെ കൊടും വളവ്. തിരുവല്ല റയില്‍വേ സ്റ്റേഷന്‍ സിഗ്നലിനും ടി.എം.എം സിഗ്നലിനും ഇടയിലുള്ള ഭാഗത്താണ് റോഡില്‍ വളവുള്ളത്. എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. നിരവധി ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൊടുംവളവില്‍ റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന കാടുകളും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. മുന്‍ മന്ത്രി ചിഞ്ചുറാണിയുടെ വാഹനവും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് റോഡ് നനഞ്ഞ് കിടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത്. കൊടുംവളവുള്ള ഭാഗത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുവാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളാണ് തിരുവല്ല ബൈപ്പാസ് റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത്. തിരുവല്ല ബൈപ്പാസ് റോഡില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വളവില്‍ ഇനിയും അപകടങ്ങള്‍ വര്‍ധിക്കുവാനാണ് സാധ്യത. റോഡിലെ വളവില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാരുടെ ഭീതി അകറ്റണമെന്നാണ് ആവശ്യമുയരുന്നത്.































