തിരുവനന്തപുരം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാര്‍ പഞ്ചായത്തിലെ കടല്‍ത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ജൈവഭിത്തി നിര്‍മ്മിക്കുന്ന പദ്ധതിക്ക് മാര്‍ച്ച് എട്ടിന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തീരത്തെ മണല്‍ കടലെടുത്തു പോകുന്നത് തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളതും ഉപ്പു കാറ്റിനെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ളതുമായ കടലോര സസ്യമായ കൈച്ചെടിയാണ് ജൈവഭിത്തി നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കോണ്‍ക്രീറ്റ് /ഗ്രാനൈറ്റ് കടല്‍ഭിത്തി സംവിധാനത്തിനുപകരം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ബയോഫെന്‍സിംഗ് മാതൃക സൃഷ്ടിക്കുകയും അതുവഴി കേരള തീരത്തെ നഷ്ടപ്പെടുന്ന ബീച്ചുകള്‍ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പൂവാര്‍ ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എട്ടിന് രാവിലെ 10ന് പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് എതിര്‍വശം നടക്കുന്ന ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.





























