ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത് അയച്ചു. കാവല്‍ നില്‍ക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുകയാണെന്നും ഇവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മഥുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. ജയിലില്‍ കഴിഞ്ഞിരുന്ന കാപ്പന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അവശനിലയിലായ കാപ്പന് വീണ് തലയ്ക്ക് പരിക്കും പറ്റിയിരുന്നു. തുടര്‍ന്നാണ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതും എയിംസിലേക്ക് മാറ്റിയതും.
കേരളത്തില്‍നിന്ന് എത്തിയ റൈഹാനത്തും മകനും മെയ് ഒന്ന് മുതല്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന തടവുപുള്ളികളെ ജയിലിന് പുറത്ത് വെച്ച് ബന്ധുക്കള്‍ക്കോ അഭിഭാഷകര്‍ക്കോ കാണാന്‍ കഴിയില്ലെന്ന ജയില്‍ ചട്ടം ചൂണ്ടിക്കാട്ടി പോലീസ് കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ് റൈഹാനത്ത് മഥുര കോടതിയെയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സമീപിച്ചത്.