കോന്നി : കാടിറങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പോയ കേഴമാന്‍ കുഞ്ഞിനെ രക്ഷിച്ച് സൈലാസ്. തേക്കുതോട് താഴെ പൂച്ചക്കുളം തൊണ്ടിയോട്ട് ടി.ജി.സൈലാസിന്റെ വീടിന് സമീപത്തെ പറമ്പിലാണ് മുൻകാലുകൾ ഒടിഞ്ഞ കേഴമാന്‍ എത്തിയത്. ശബ്ദം കേട്ട് സൈലാസ് വന്ന് നോക്കുമ്പോള്‍ കേഴമാനെ ആക്രമിക്കാനായി ഒരുകൂട്ടം നായ്ക്കള്‍ നില്‍ക്കുന്നത് കണ്ടു.പിന്നിട് നായ്ക്കളെ ഓടിച്ച ശേഷം അദ്ദേഹം കേഴമാനെ രക്ഷിച്ചു.
വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു.തണ്ണിത്തോട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം തണ്ണിത്തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകർ പരിപാലിക്കുകയാണ്. കിത്സ നൽകി ഒരാഴ്ച നിരീക്ഷിച്ച ശേഷം വനത്തിലേക്ക് വിടുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരായ എം.കെ.ഗോപകുമാർ, എ.എസ്.മനോജ്, ഡാലിയ, അമൃത ശിവരാമൻ, ജോബിൾ ഐസക് എന്നിവരുടെ പരിചരണത്തിലാണ് കേഴമാൻ.