പത്തനംതിട്ട : സിൽവർ ലൈനിന്റെ പ്രേതം ഇടയ്ക്കിടെ മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും ആവാഹിക്കുന്നതിന്റെ പ്രതിഫലനമാണ് പ്രോഗ്രസ്സ് റിപ്പോർട്ടിലെ ഇത് സംബന്ധിച്ച പരാമർശമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇങ്ങനെ വരുമ്പോൾ താക്കോൽ കൂട്ടമോ ഇരുമ്പ് കഷണമോ കയ്യിൽ പിടിപ്പിക്കുന്നതാണ് സാധാരണരീതിയെന്നും എന്നാൽ ഇക്കാര്യത്തിൽ പണപ്പെട്ടിയുടെ താക്കോൽ കൂട്ടം കൊടുത്തെങ്കിലെ ബാധ ഒഴിയൂ എന്നതാണ് സ്ഥിതി. സമഗ്ര പാരിസ്ഥിതിക ആഘാത പഠനം, ഹൈഡ്രോളജിക്കൽ പഠനം, ജിയോ ടെക്നിക്കൽ പഠനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നതായാണ് പ്രോഗ്രസ്സ് റിപ്പോർട്ടിൽ പറയുന്നത്.
അപ്പോൾ ഇതൊന്നുമില്ലാതെയാണ് അനുമതി ലഭിച്ചു എന്ന വ്യാജേന പോലീസ് അടക്കം എല്ലാ അധികാര സന്നാഹങ്ങളും ഉപയോഗിച്ച് മഞ്ഞക്കുറ്റി സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നു വ്യക്തം. ഇത്തരം പഠന റിപ്പോർട്ടുകൾ ഇല്ലാതെ വൻകിട പദ്ധതികൾക്ക് അനുമതി ലഭിക്കില്ല എന്ന് വ്യക്തമായിരിക്കേ അതു മറച്ചുവച്ചുകൊണ്ട് സർക്കാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമായിരുന്നു മഞ്ഞക്കുറ്റി സ്ഥാപിക്കൽ എന്ന കുറ്റസമ്മതമാണ് പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ വെളിവാകുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് തങ്ങളുടെ സ്വന്തം ഭൂമിയിൽ അതിക്രമിച്ചു കടന്നവരെ പ്രതിരോധിച്ചതിനാണ് കേരളത്തിലുടനീളം ആയിരക്കണക്കിന് സ്ഥലം ഉടമകളുടെ മേൽ അന്യായമായി കേസെടുത്തിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ആ കേസുകൾ പിൻവലിക്കാനുള്ള സാമാന്യ മര്യാദയാണ് സർക്കാർ ആദ്യം പ്രകടിപ്പിക്കേണ്ടതെന്ന് പുതുശ്ശേരി പറഞ്ഞു. പ്രോഗ്രസ് റിപ്പോർട്ടിലെ പരാമർശം വഴി പദ്ധതിയുടെ പ്രാഥമിക ഘട്ടം പോലും എത്തിയിട്ടില്ലെന്ന വസ്തുത നിലനിൽക്കേ പദ്ധതി പുരോഗമിക്കുകയാണെന്ന അവകാശവാദം വങ്കത്തരമാണെന്നും റിപ്പോർട്ടിന്റെ പൊതുസ്വഭാവമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പുതുശേരി പറഞ്ഞു.





























