ഏറ്റുമാനൂര്‍: സഹോദരിയുടെ മരണത്തില്‍ മനംനൊന്ത് സഹോദരന്‍ തൂങ്ങിമരിച്ചു. അതിരമ്പുഴ കുറ്റിയേല്‍കവല ഭാഗത്ത് വഞ്ചിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ സിന്ധു ഷിജു (45) ആണ് തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അണുബാധയേറ്റ് മരിച്ചത്. ഇതില്‍ മനംനൊന്താണ് സഹോദരന്‍ സുനില്‍(37) തൂങ്ങിമരിച്ചത്.
ഒരാഴ്ചമുമ്പ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ സിന്ധുവിന്റെ തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങി. തുടര്‍ന്ന് അണുബാധയുണ്ടായി. ഇതിനിടെ ന്യൂമോണിയ ബാധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സിന്ധു മരിച്ചു. മരണവിവരമറിഞ്ഞെത്തിയ സുനില്‍ ദുഃഖിതനായിരുന്നു. പുറത്തേക്കുപോയ ഇദ്ദേഹം മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അവിവാഹിതനായ സുനില്‍ എം.ജി.യൂണിവേഴ്‌സിറ്റി ജങ്ഷനില്‍ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അലീന (12)യാണ് സിന്ധുവിന്റെ മകള്‍. സിന്ധുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച മണ്ണാര്‍കുന്ന് സെന്റ് ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയില്‍.