കൊല്ലം : പുനലൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. വെഞ്ചേമ്പ് കൂനങ്കാവ് റബ്ബര്‍ തോട്ടത്തിന് സമീപത്തേ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് തലയോട്ടി, താടിയെല്ല്, കൈകാലുകള്‍, വാരിയെല്ലുകള്‍ എന്നിവ പലഭാഗത്തായി ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.
കാണാതായ വെഞ്ചേമ്പ് സ്വദേശി ജോണിന്റെ അസ്ഥികൂടമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ജോണിനെ ഒരുമാസം മുമ്പ് കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍ നേരത്തെ ഇയാള്‍ ഷെഡ് കെട്ടി താമസിച്ചിരുന്നു. ഷെഡിനോട് ചേര്‍ന്ന മരത്തിന് ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ജോണിന്റെ അസ്ഥികൂടം തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.