പത്തനംതിട്ട : ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരായവരുടെ സേവനം ലഭ്യമാക്കുന്നതിനായി തൊഴില്‍ വകുപ്പ് ആവിഷ്‌കരിച്ച സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു. ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം.
മരപ്പണിക്കാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, നിര്‍മാണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങു കയറ്റക്കാര്‍, തുണി അലക്ക്- തേപ്പ് ജോലിക്കാര്‍, വീടുകളിലെത്തി ഷുഗര്‍, കൊളസ്ട്രോള്‍ പരിശോധന നടത്തുന്നവര്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നവര്‍, തുടങ്ങി നിലവില്‍ 42 തൊഴിലുകളില്‍ രജിസ്റ്റര്‍ ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് കേരള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് തൊഴിലാളിയായോ, തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. യോഗ്യതയും വൈദഗ്ധ്യവും, കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ ജനത്തിന് തെരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ.ഐ ടി ഐ ചെന്നീര്‍ക്കരയില്‍ ബന്ധപ്പെടണം. ഫോണ്‍: 9496515015.