പത്തനംതിട്ട: തല്ലാന്‍ മാത്രമല്ല തലോടാനും പോലീസിനാകും. ഇതിനുദാഹരണമാണ് ഇലവുംതിട്ട പോലീസിന്റെ സ്‌നേഹപൂര്‍വ്വം പദ്ധതി. കാക്കിയുടെ കൈത്താങ്ങ് നിങ്ങളെ തേടിയെത്തും. കാക്കിക്കുള്ളിലും കാരുണ്യത്തിന്റെ മനസ്സുായി ഒരു കൂട്ടം പോലീസുകാര്‍ അശരണര്‍ക്ക് കൈത്താങ്ങാകുന്ന ‘സ്‌നേഹപൂര്‍വ്വം’ പദ്ധതി വിപുലമാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. സ്‌റ്റേഷന്‍ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എല്ലാ മാസവും വീട്ടില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം.
എസ്എച്ച് ഒ ടി കെ വിനോദ് കൃഷണന്റെ മേല്‍നോട്ടത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ നാല് മാസങ്ങളായി സ്ഥിരമായി നല്കി വരുന്നവര്‍ക്ക് പുറമെ പുതുതായി മോട്ടോ ന്യൂറോ ഡിസീസ് മൂലം രണ്ട് വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന എഴുപത്തഞ്ച്കാരന്‍ ദാസന്‍, പണിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് നാല് വര്‍ഷം മുമ്പ് വീണ് സ്‌പൈനല്‍ കോഡ് തകര്‍ന്ന് പൂര്‍ണമായി തളര്‍ന്ന് പോയ ഊന്നുകല്‍ കുറ്റിക്കാട്ട് കിഴക്കേക്കര സുനില്‍ കുമാര്‍, തുടങ്ങിയവര്‍ക്കും പദ്ധതി പ്രകാരം ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിച്ച് വിതരണം ചെയ്തു. എസ് ഐ ടി.പി ശശികുമാര്‍ , ബീറ്റ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ പ്രശാന്ത്, എസ് ശ്രീജിത്ത്, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഭക്ഷണം വേസ്റ്റാക്കുന്നതില്‍ വേവലാതിയില്ലാത്ത നമ്മള്‍ പട്ടിണിയിലും അര്‍ധ പട്ടിണിയിലുമുള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കണമെന്ന സന്ദേശം പൊതു സമൂഹത്തിന് നല്കുകയാണ് ഈ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ഇലവുംതിട്ട ജനമൈത്രി പോലീസ്. വരും മാസങ്ങളില്‍ അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു.