ബാഗ്!ദാദ്: തിരിച്ചടി തുടങ്ങി, ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ആക്രമിച്ച് ഇറാന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്.
ഏതാണ്ട് 12ഓളം മിസൈലുകള്‍ ആണ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചതെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് പന്ത്രണ്ടോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് ഹൊഫ്മാന്‍ അറിയിച്ചു.
ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു. വന്‍ ജനാവാലിയെ സാക്ഷിയാക്കി ജന്മ നാടായ കെര്‍മനിലായിരുന്നു കബറടക്കം. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി, പരിക്കേറ്റ് 200 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. നിരവധി നിഷ്‌കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും മരണത്തില്‍ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ഇറാന്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖില്‍ നിന്ന് അവശ്യ സേവനരംഗത്തുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ പൗരന്മാരേയും ബ്രിട്ടണ്‍ മാറ്റിയിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഗള്‍ഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകള്‍ക്കും മിലിറ്ററി ഹെലികോപ്റ്ററുകള്‍ക്കും പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്.
ഇതിനിടെ സുലൈമാനിക്കെതിരെ ചെകുത്താന്‍ പരാമര്‍ശവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. സുലൈമാനിക്ക് ഇറാന്‍ വികാര നിര്‍ഭരമായ യാത്ര അയപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ചെകുത്താന്‍ പരാമര്‍ശവുമായി ട്രംപ് എത്തിയത്. അമേരിക്കയ്ക്ക് എതിരെ സുപ്രധാനമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സുലൈമാനിയെ വധിച്ചതെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള തിരിച്ചടി മാത്രമാണ് നടന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസത്തെപ്പോലെ കൂടുതല്‍ ആക്രണണ സൂചനകള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് വന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും മാനിച്ച് സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് വ്യക്തമാക്കാനും ട്രംപ് മറന്നില്ല. കഴിഞ്ഞദിവസം ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടക്കം 52 ഇടങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു. അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു.