കൊല്ലം : പീഡനക്കേസിൽ മുൻമന്ത്രി എ.പി.അനിൽകുമാറിനെതിരേയുള്ള മൊഴിയിൽ ഉറച്ചുനിന്ന് സോളാർ വിവാദനായിക. കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാന്റെ മുൻപാകെയാണ് യുവതി മൊഴിനൽകിയത്. മുൻ മന്ത്രിക്കെതിരേയുള്ള പരാതിയിൽ ആരോപിച്ച കാര്യങ്ങൾ യുവതി ആവർത്തിക്കുകയും പരാതിയിൽ ഉറച്ചുനിൽക്കുകയും ചെയ്തു. 2019 ൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ യുവതി മൊഴി നൽകാനെത്താത്തതുമൂലമാണ് കാലതാമസമുണ്ടായത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ രാവിലെ 10.30-ന് എത്തിയ യുവതി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മടങ്ങിയത്. കുറ്റപത്രം സമർപ്പിക്കുന്നതിന് കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് അഡീഷണൽ കമ്മീഷണർ പറഞ്ഞു. അനിൽകുമാർ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയൻ ഹോട്ടൽ, ഡൽഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.