റാഞ്ചി : ജാർഖണ്ഡിലെ ഹസാരിബാഗ് ടൗണിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ എട്ട് മാസം പ്രായമുള്ള പെൺകുട്ടിയെ അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു. 2023 ജൂൺ 16ന് ചവറ്റുകുട്ടയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട യുവാക്കളാണ് ജില്ലാ ഭരണകൂടത്തെയും കൊറ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചത്. ഹസാരിബാഗിലെ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ പ്രേരണ ദീക്ഷിതും കോറ പോലീസ് സ്റ്റേഷൻ ഓഫീസർ ഉത്തം കുമാർ തിവാരിയും ചേർന്ന് കുട്ടിയെ ഹസാരിബാഗിലെ ഷെയ്ഖ് ബിഖാരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷെയ്ഖ് ബിഹാരി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ച ദീക്ഷിത്, കുഞ്ഞിന് പരിചരണം നൽകാൻ ആശുപത്രി സൂപ്രണ്ടിനോടും മറ്റ് ഡോക്ടർമാരോടും നിർദ്ദേശിച്ചു. തുടർന്ന് കുഞ്ഞിനെ അവർ ഹസാരിബാഗിലെ ശിശുക്ഷേമ വകുപ്പിന് കൈമാറി. കുട്ടി പൂർണമായി സുഖം പ്രാപിച്ചതോടെ, ശിശുക്ഷേമ വകുപ്പ് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ വിവരം അറിയിച്ചു. അവർ പോർട്ടൽ വഴി ദത്തെടുക്കൽ അറിയിപ്പ് നൽകുകയായിരുന്നു.