പത്തനംതിട്ട : ജില്ലാപോലീസ് ആസ്ഥാനത്തു തീപിടുത്തം, ജീവനക്കാർ ഭയചകിതരായി ഇറങ്ങിയോടി. ഞൊടിയിടയിൽ അഗ്നിശമനസേനയിലെ അംഗങ്ങൾ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തി. ആർക്കും ഒന്നും മനസ്സിലായില്ല, എല്ലാം വളരെ പെട്ടെന്നായിരുന്നു.
പിന്നീടാണ് ഏവരും അറിഞ്ഞത് ദുരന്തനിവാരണവകുപ്പിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാവകുപ്പും പോലീസും ചേർന്നുനടത്തിയ മോക്ക് ഡ്രില്ലാണെന്ന്. ഇന്നലെ പന്തളത്തുനടന്ന മോക്ഡ്രില്ലിന്റെ തുടർച്ചയായാണ് ജില്ലാ ആസ്ഥാനത്തെ മർമ്മപ്രധാനസ്ഥലമായ ജില്ലാ പോലീസ് ഓഫീസിൽ ഇത് നടത്തിയത്. ലോക്ക് ഡൌൺ പോലെയുള്ള ഘട്ടങ്ങളിൽ അടിയന്തിര സാഹചര്യമുണ്ടായാൽ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാനാണ് ഇത്തരം മോക്‌ഡ്രില്ലുകൾ നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.