പത്തനംതിട്ട : രോഗബാധ വര്‍ധിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് ജില്ലയിലെ വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഇവരെ അടൂര്‍, പത്തനംതിട്ട, തിരുവല്ല സബ് ഡിവിഡിഷനുകളിലേക്കാണ് നിയോഗിച്ചത്.
ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് കണ്ട് ഇത് തടയാന്‍ ഉപയുക്തമായ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും മറ്റും ശ്രമങ്ങള്‍ക്കൊപ്പം ജനങ്ങളുണ്ടാവണം. ബസുകളിലും മറ്റ് വാഹനങ്ങളിലും സാമൂഹ്യഅകലം പാലിക്കാതെ യാത്രനടത്തരുത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ബുദ്ധിമുട്ടിക്കരുത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ അലംഭാവം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.
മാസ്‌ക് ശരിയാംവണ്ണം ധരിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്നവ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനും ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളിലും മത്സ്യച്ചന്തകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സാമൂഹ്യഅകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി തടയും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും മാലിന്യം തള്ളുന്നതും ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും. നിബന്ധനകള്‍ ലംഘിക്കപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം അലംഭാവങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് എത്തിക്കുമെന്നതിനാല്‍ ലംഘനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി തുടരുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.