ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പ് മാറ്റം. ഇദ്ദേഹത്തെ നിയമ സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ആരോഗ്യ സഹമന്ത്രിയാക്കി. കിരണ്‍ റിജിജുവിനെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കി.
ജുഡീഷ്യറിയെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകളാണ് റിജിജു നിരന്തരം നടത്തിയത്. കൊളീജിയം സംവിധാനം ഒട്ടും സുതാര്യമല്ലാത്ത സംവിധാനമെന്ന് റിജിജു ആഞ്ഞടിച്ചിരുന്നു. ജഡ്ജിമാര്‍ അവരുടെ സ്വന്തക്കാരെ ജഡ്ജിമാരായി നിയമിക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും റിജിജു വിമര്‍ശിച്ചു. വിരമിച്ച ചില ജഡ്ജിമാര്‍ രാജ്യവിരുദ്ധ സഖ്യത്തിന്റെ ഭാഗമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള സ്വവര്‍ഗ്ഗ വിവാഹം പോലുള്ള കേസുകളില്‍ പരസ്യ പ്രതികരണം മന്ത്രി നടത്തിയതില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.