ന്യൂഡല്‍ഹി : അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഏപ്രില്‍ 14 കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണം. ഇതിനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
അതേസമയം ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.