ഒക്‌ലഹോമ സിറ്റി : അമേരിക്കയില്‍ ഒക്‌ലഹോമ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖല, ടെക്സസ്, ലൂസിയാന ഭാഗങ്ങളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലോടു കൂടിയ മഴയിലും ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മേഖലയില്‍ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെക്സാസിലും ഒക്‌ലഹോമയിലുമായി ചുഴലിക്കാറ്റിലാണ് അഞ്ചുപേര്‍ മരിച്ചത്. ലൂസിയാനയില്‍ ഒരാള്‍ ചുഴലിക്കാറ്റിലും മറ്റൊരാള്‍ വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. ഇന്നും മോശം കാലാവസ്ഥയാണ് ഈ പ്രദേശങ്ങളിലുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്.
പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ച മുതല്‍ തെക്കന്‍ യുഎസിലെ 100,000 ലേറെ വീടുകളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മിസിസിപ്പി സംസ്ഥാനത്തും ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ക്ക് ശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം തെക്കന്‍ യുഎസില്‍ തന്നെ മഴയിലും ചുഴലിക്കാറ്റിലുമായി 26 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതേവരെ യുഎസില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചത് 74 പേരാണ്.