തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ വീണ്ടും സ്പോൺസർ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സിഎസ്ആർ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ സർക്കാരിന് കൈമാറി. നിലവിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും 15 മുതൽ 20 വർഷം വരെ പഴക്കമുള്ളവയാണ്. സർവീസുകൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തിരമായി കുറഞ്ഞത് 300 പുതിയ ബസുകളെങ്കിലും കെഎസ്ആർടിസിക്ക് ആവശ്യമുണ്ട്.
നേരത്തെ സ്പോൺസർമാരെ കണ്ടെത്തി ബസ് വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ, ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയായിരുന്നു ഈ തുക ഏറ്റുവാങ്ങിയത്. പൊതുമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിൽ സ്വകാര്യ സ്പോൺസർമാർ, കമ്പനികളുടെ സിആർഎഫ് ഫണ്ടുകൾ, എംഎൽഎ ഫണ്ടുകൾ എന്നിവയെ ആശ്രയിക്കുന്നത്.




























