34.1 C
Pathanāmthitta
Thursday, January 27, 2022 1:11 pm
- Advertisment -

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവല്ല : ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവല്ല ശ്രീനാരായണവിലാസം സംസ്‌കൃത ഹൈസ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഈഴവസമുദായം വളരെയേറെ പിന്നിലാണ്. ഒരുപാട് നിവേദനങ്ങളും പരിദേവനങ്ങളുമൊക്ക നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്‌കൂളിന് ഇതുവരെയും പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്.

ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുമ്പോൾതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറെയുള്ള സംഘടിത സമുദായങ്ങൾക്ക് വാരിക്കോരി നൽകാനും മടിയില്ല. സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസവുമായ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്ന വിഭാഗമായി പിന്നാക്കക്കാർ എത്തിനിൽക്കുന്നു.

അവസരവാദ രാഷ്ട്രീയത്തിൽ സംഘടിത വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വാരിക്കോരി നൽകാൻ മത്സരിക്കുകയാണ്. പിന്നാക്കവിഭാഗങ്ങളെ സഹായിക്കേണ്ട ബാധ്യതയുള്ള ജനപ്രതിനിധികൾ കൊടുംവഞ്ചനയാണ് കാണിക്കുന്നത്.പിന്നാക്കക്കാർ അവകാശങ്ങളോ ആവശ്യങ്ങളോ ഉന്നയിച്ചാൽ അതിനെ ജാതിയായും മറ്റുള്ളവർ ഉന്നയിച്ചാൽ അതിനെ നീതിയായും കണക്കാക്കുന്ന ദുരവസ്ഥയാണ് നമ്മുടെ ജനാധിപത്യത്തിലേത്.

സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുസന്ദേശം പ്രാവർത്തികമാക്കിയാൽ മാത്രമേ അധികാരം അധഃസ്ഥിതനിൽ എത്തുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻസെക്രട്ടറി അനിൽ എസ്.ഉഴത്തിൽ,നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം നിർമ്മിച്ച ടി.ബി.ശശിയെ ആദരിച്ചു.

ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, സ്‌കൂൾ മാനേജർ പി.ടി.പ്രസാദ് മുല്ലശേരിൽ, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, മുൻസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, മുൻസിപ്പൽ കൗൺസിലർമാരായ ഷീജ കരിമ്പിൻകാല,ലൈജു എം.സ്‌കറിയ, യൂണിയൻ ഭാരവാഹികളായ അനിൽ ചക്രപാണി, കെ.കെ.രവി, കെ.ജി.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത അനിൽ,പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സന്ധ്യാമോൾ പി.ആർ,ശാഖാ കമ്മിറ്റിയംഗങ്ങളായ പി.ജി.സുരേഷ്‌കുമാർ,ശ്യാം ചാത്തമല, സുനിൽകുമാർ, രഘു കണിപ്പറമ്പിൽ,മംഗളാനന്ദൻ,ശശിധരൻ പി.കെ,സുരേഷ്‌ഗോപി,വനിതാസംഘം പ്രസിഡന്റ് വിജയമ്മ തങ്കപ്പൻ,സെക്രട്ടറി ലേഖാ പ്രദീപ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് കുട്ടനാൽ, സെക്രട്ടറി രജിത്, ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular