തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഗതാഗത മേഖലയുടെ വികസനത്തിനായി സമഗ്രമായ നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കുന്ന തുക തന്നെ ഇതിന്റെ തെളിവായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2016-21 കാലഘട്ടത്തില്‍ 5002.13 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നല്‍കിയിരുന്നത്.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 4917.92 കോടി രൂപയാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ, വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപയാണ് പദ്ധതിയിനത്തില്‍ ഈ ബജറ്റില്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലെത്തിക്കുകയെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ മുന്നിലുള്ള ഏറ്റവും പുതിയ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.