മോസ്കോ : ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കി റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് കൊനോനെൻകോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അഞ്ച് യാത്രകളിൽ നിന്ന് ആകെ 878 ദിവസവും 12 മണിക്കൂറിലേറെയും ചെലവഴിച്ചാണ് ഒലെഗ് റെക്കാഡ് സ്ഥാപിച്ചത്. റഷ്യയുടെ തന്നെ ഗെന്നഡി പഡാൽകയുടെ ( 878 ദിവസം, 11 മണിക്കൂർ, 29 മിനിറ്റ്, 48 സെക്കൻഡ് ) റെക്കാഡാണ് ഒലെഗ് മറികടന്നത്.
നിലവിൽ സോയൂസ് എം.സ് – 24 മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരുന്ന ഒലെഗ് ജൂൺ 5ന് 1,000 ദിവസം തികയ്ക്കുമെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സോയൂസ് എം.സ് – 24 വിക്ഷേപണം. 2008ലായിരുന്നു 59 കാരനായ ഒലെഗിന്റെ ആദ്യ ബഹിരാകാശ യാത്ര.