റാന്നി: റാന്നിക്ക് കൈനിറയെ സമ്മാനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾക്കായി 203.5 കോടി രൂപയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും വിനോദസഞ്ചാരത്തിനും പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിനും പള്ളിയോടങ്ങളുടെ സംരക്ഷണത്തിനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും എല്ലാം വേണ്ട പദ്ധതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ജലമിത്രയ്ക്ക് അംഗീകാരമായി ക്ലീൻ പമ്പയ്ക്ക് 30 കോടി. റാന്നി നിയോജകമണ്ഡലത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര ജലസംരക്ഷണ പദ്ധതിയായ ജലമിത്രയുടെ നിർദ്ദേശങ്ങൾക്ക് സംസ്ഥാന സർക്കാരിൻറെ അംഗീകാരമായി മാറുകയാണ് ക്ലീൻ പമ്പ പദ്ധതി.
റാന്നിയുടെ ജീവ നാഡിയായ പുണ്യ നദി പമ്പയെ സംരക്ഷിക്കുന്നതിന് ഭൂ വിനിയോഗ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും ശില്പശാലയിൽ ഉയർന്നുവന്ന നിർദേശങ്ങളാണ് പദ്ധതി രേഖയാക്കി സമർപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല ഏറ്റവും വലിയ കൺവെൻഷനായ മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദു മഹാ മണ്ഡലവും റാന്നി ഹിന്ദുമത കൺവെൻഷനും മാടമൺ ശ്രീനാരായണ കൺവെൻഷനും നടക്കുന്നത് പമ്പാ നദിയുടെ തീരത്താണ്. കൂടാതെ മധ്യതിരുവിതാംകൂറിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന ജലസ്രോതസ്സും പമ്പാ നദിയാണ്.
പമ്പാ നദിയെ മാലിന്യ മുക്തമാക്കുക വഴി ശുദ്ധമായ ജലലഭ്യത ഉറപ്പാക്കാൻ ആകും. റാന്നിയുടെ കിഴക്കൻ മലയോര മേഖലയിലെ റോഡിലുകളുടെ വികസനത്തിനായി ഫണ്ട് അനുവദിച്ചത് ഈ മേഖലയിലെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. എരുവാറ്റുപുഴ – മാമ്പാറ – മണിയാർ റോഡ്, കാവനാൽ – പെരുനാട് റോഡ് എന്നീ റോഡുകളുടെ വികസനത്തിനായി 22.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആകെ 11 കീ ദൂരം വരുന്ന തീർത്തും ഗ്രാമീണ മേഖലയിൽ കൂടി കടന്നു പോകുന്ന ഈ റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള വികസനം ഇതുവഴി ഉള്ള ഗതാഗത സങ്കല്പങ്ങൾക്ക് പുതിയ മാനം നൽകും.
റാന്നിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകുന്ന തപോവൻ ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചു. മാർത്തോമ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിൽ മന്ദിരം പടിയിൽ മന്ദിരം – വടശ്ശേരിക്കര റോഡിൻറെ വശത്തായി വിട്ടുനിൽക്കുന്ന സ്ഥലത്ത് ആണ് പദ്ധതി നടപ്പാക്കുക.
റാന്നി ഇന്നർ ബൈപ്പാസ് റോഡിന് ബജറ്റിൽ അനുമതിയായി. പ്രാരംഭ പ്രവർത്തികൾക്കായി 1 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ബൈപ്പാസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമായാണ് ഇന്നർ ബൈപ്പാസ് റോഡിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കാവുങ്കൽ പടിയിൽ ന്യൂ ബൈപ്പാസ് റോഡ് ആരംഭിക്കുന്ന പാലത്തിൻറെ വശത്തു കൂടി വലിയ തോടിന് സമാന്തരമായി പഴയ ബൈപ്പാസിലേക്ക് ഇന്നർ ബൈപ്പാസ് നിർമ്മിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ബൈപ്പാസ് റോഡ് നിർമ്മിക്കുന്നതോടെ വൺവേ സംവിധാനം ഇതിലൂടെ ആക്കാം. നിലവിലുള്ള വലിയകാവ് – പേട്ട റോഡിലെ ഗതാഗത കുരുക്കും ഇല്ലാതാകും.
പള്ളിയോട സംരക്ഷണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ 10 പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് 1 കോടി രൂപ അനുവദിച്ച പ്രവർത്തികൾക്ക് ഭരണാനുമതിയായി. ഇവയുടെ ടെണ്ടർ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. അത് കൂടാതെയാണ് ഇപ്പോൾ 50 ലക്ഷം കൂടി അനുവദിച്ചിരിക്കുന്നത്. തെള്ളിയൂർ, കോട്ടാങ്ങൽ പടയണി ഗ്രാമങ്ങൾക്ക് പടയണി മ്യൂസിയങ്ങൾ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ വീതം സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വന്യ മൃഗ ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബജറ്റിൽ മതിയായ പരിഗണന നൽകിയിട്ടുണ്ട് രൂക്ഷമായി അനുഭവപ്പെടുന്ന പെരുനാട്, വടശ്ശേരിക്കര നാരായണൻ മൂവി വെച്ചുച്ചിറ പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. അയിരൂർ നേഴ്സിംഗ് കോളേജിന് 1 കോടി രൂപ അനുവദിക്കുക വഴി കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. അയിരൂർ ഐഎച്ച്ആർഡി കേന്ദ്രമാക്കി നഴ്സിംഗ് കോളേജ് ആരംഭിക്കാനാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
കിഴക്കൻ മേഖലയിലേക്കുള്ള കവാടമായ വടശ്ശേരിക്കരയിൽ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് പ്രാഥമികമായി 1 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ പ്രധാന ടൗണുകൾ ആയ പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, അത്തിക്കയം എന്നിവിടങ്ങളിലേക്കും ശബരിമലയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കും ഉള്ള കവാടമാണ് വടശ്ശേരിക്കര ടൗൺ എന്നാൽ ഇവിടെ ബസ്റ്റാൻഡ് ഇല്ലാത്തതിനാൽ ബസ്സുകൾ റോഡിൻറെ വശങ്ങളിൽ തന്നെ നിർത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും ഇത് സീസൺ സമയങ്ങളിൾ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
































