പത്തനംതിട്ട: നഗരത്തില്‍ നോക്കുകുത്തികളായിരുന്ന വിളക്കുകാലുകള്‍ ഇനി വെളിച്ചമേകും. പുതിയ വിളക്കുകള്‍ സ്ഥാപിച്ചും ഉപയോഗശൂന്യമായവ പുനഃസ്ഥാപിച്ചും രാത്രിയെ പ്രകാശമാനമാക്കുകയാണ് നഗരസഭ. പ്രതിമാസം 7 ലക്ഷത്തോളം രൂപ വൈദ്യുതി ചാര്‍ജ്ജിനത്തില്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടമായി 2488 ട്യൂബ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ ആകെ നാലായിരത്തി അഞ്ഞൂറോളം വിളക്കുകളാണ് പ്രകാശിപ്പിച്ചത് . നഗരസഭാ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള 15 സോളാര്‍ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഒപ്പം സെന്റ് പീറ്റേഴ്‌സ് ജംഗഷനിലെ പൊക്കവിളക്കില്‍ 200 വാട്ട് ശേഷിയുള്ള പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. സ്‌റ്റേഡിയത്തിലേതുള്‍പ്പടെ 11 മിനിമാസ്റ്റ് ലൈറ്റുകള്‍ 6 ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു തുടങ്ങി.
പല ഭാഗവും ഇരുട്ടിലായിരുന്ന നഗരത്തിലെ റിംഗ് റോഡിന്റെ ഒരു വശം പുര്‍ണ്ണമായി വിളക്കുകള്‍ സ്ഥാപിച്ചു. രണ്ടര വര്‍ഷമായി ഉപയോഗശൂന്യമായിരുന്ന കുമ്പഴ കവലയിലെ പൊക്കവിളക്കിനും പദ്ധതിയിലൂടെ ശാപമോക്ഷമായി. തെരുവു വിളക്കുകള്‍ സമയബന്ധിതമായി തെളിയിക്കുന്നതില്‍ ചിലയിടത്ത് പാളിച്ചകള്‍ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നേരിട്ട് വിളക്ക് തെളിക്കുന്നതിനെപ്പറ്റി അലോചിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.