കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ് വിഭാഗവും പോലീസും ഇക്കാര്യത്തിൽ കർശനനടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പത്തനംതിട്ട അടൂരിൽ അടുത്തിടെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാഹനത്തിൽ നിയമപ്രകാരമല്ലാത്ത ഒട്ടേറെ രൂപമാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും 5000 രൂപമാത്രം പിഴയിട്ടതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപ്രകാരമല്ലാത്ത ആറുലൈറ്റുകൾ, പിടിച്ചെടുത്ത വാഹനത്തിൽ ഉണ്ടായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിന് ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിലെടുത്ത നടപടി വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ സമയം തേടി. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് കോടതിയുടെ നിർദേശം. രക്ഷാപ്രവർത്തനത്തിൽ, രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി വ്‌ലോഗർമാർ നടത്തിയ തെറ്റായ പ്രചാരണത്തെയും കോടതി വിമർശിച്ചു. വാഹനരൂപമാറ്റത്തിന് അനുമതി നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടതി നിരീക്ഷിച്ചു.അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്‌പേസറുകൾ, അനുവദനീയ പരിധിക്കപ്പുറം വീതിയേറിയ ടയറുകൾ തുടങ്ങിയവയ്‌ക്കെതിരേ കർശന നടപടി വേണമെന്ന് കോടതി ആവർത്തിച്ചു.
ഇത്തരം വാഹനങ്ങൾ കാൽനടക്കാർ ഉൾപ്പെടെ മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പറഞ്ഞു. ചട്ടപ്രകാരം അനുവദിക്കാത്ത ഉപകരണങ്ങൾ ഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 334 ഉപയോഗിച്ച് ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിഷയം അടുത്തമാസം വീണ്ടും പരിഗണിക്കും. ദുരിതാശ്വാസപ്രവർത്തനത്തിന് എത്തിയ രൂപമാറ്റംവരുത്തിയ വാഹനങ്ങൾക്ക് പിഴയിട്ട രണ്ട് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനെ ഹൈക്കോടതി നേരത്തേ വിമർശിച്ചിരുന്നു. ഇവർക്കെതിരേയുള്ള സസ്‌പെൻഷൻ നടപടി പിന്നീട് സർക്കാർ പിൻവലിച്ചെങ്കിലും സസ്‌പെൻഷന്റെ കാരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.






























