തിരുവനന്തപുരം : വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണത്തിൽ രാഷ്ട്രീയവിവാദം പുകയവേ സർക്കാരിനെതിരേ ‘സർജിക്കൽ സ്‌ട്രൈക്കു’മായി ഗവർണർ. സർവകലാശാലകളിൽ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള ഒരുക്കങ്ങൾക്കിടെ, ചാൻസലറെന്നനിലയിൽ സർവാധികാരി താൻതന്നെയാണെന്നാണ് സർക്കാരിനുള്ള സന്ദേശം. കേരളത്തിലേത് മികച്ച പോലീസ് സേനയാണെന്നു പ്രശംസിച്ച ഗവർണർ, ഭരണപാർട്ടി സമ്മതിച്ചില്ലെങ്കിൽ അവരെങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യവുമായി സർക്കാരിനെ ഉന്നമിടാനും മറന്നില്ല.
സർവകലാശാലകളിലെ ഹോസ്റ്റലുകൾ എസ്.എഫ്.ഐ. താവളമാണെന്നും അവരത് ക്രിമിനൽ-അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നുമാണ് വിമർശനം. ഇക്കാര്യത്തിൽ വലിയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.