പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായി ആറന്മുളയുമായി ബന്ധപ്പെട്ട സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ച് പൈതൃക നടത്തം 11ന് നടക്കും. രാവിലെ ഒൻപതിന് അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനുമായ മാലക്കര ആനന്ദവാടി ആലപ്പുറത്ത് കൊച്ചുരാമൻ പിള്ളയാശാന്റ ഭവനത്തിൽ നിന്ന് ആരംഭിച്ച് വൈകിട്ട് സുഗതകുമാരിയുടെ ജന്മഗൃഹത്തിൽ സമാപിക്കും. ചരിത്ര പണ്ഡിതൻ ഡോ.എം.ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്യും. സിനിമാനടൻ കൃഷ്ണ പ്രസാദ് മുഖ്യാതിഥിയാകും. ഡോ.മാത്യൂ കോശി അദ്ധ്യക്ഷത വഹിക്കും. മാലക്കര പള്ളിയോടത്തിന്റെ മാലിപ്പുര വേദിയിലേക്കാണ് തുടർന്നുള്ള യാത്ര. പള്ളിയോട ശില്പി വേണു ആചാരിയെ ആദരിക്കും. മാലക്കര ചക്കിട്ടപ്പടിയിലുള്ള വിശദാനന്ദ സ്വാമിയുടെ വസതി, സാഹിത്യ നിരൂപകൻ ഡോ.കെ.ഭാസ്‌കരൻ നായരുടെയും സാഹിത്യകാരൻ ഡോ.കെ.എം.ജോർജിന്റെയും വസതികൾ സന്ദർശിക്കും.
ഇടയാറന്മുളയിലെ വിളക്കുമാടം കൊട്ടാരമാണ് അഞ്ചാം വേദി.
തുടർന്ന് കവിയൂർ സ്വാമിയുടെ സ്മാരകമായ ആശ്രമം, സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ സ്മാരകം, മഹാകവി കെ.വി. സൈമെന്റ കോഴിപ്പാലത്തുള്ള സ്മാരകം എന്നിവ സന്ദർശിക്കും. ആറന്മുള പൊന്നമ്മയുടെ മാലേത്ത് കുടുംബത്തിൽ എത്തുന്ന കാൽനട സംഘത്തോട് സാമൂഹ്യ പ്രവർത്തക മാലേത്ത് സരളാദേവി സംവദിക്കും. കാർഗിൽ യുദ്ധവിജയത്തെ അനുസ്മരിക്കുന്ന വീര ജവാൻ സ്മാരകം, സത്രക്കടവ്, തിരുവോണത്തോണി , ആറന്മുള ക്ഷേത്രം, പള്ളിയോട സേവാസംഘം ഓഫീസ്, പുത്തരിയാൽ, ആറന്മുള കണ്ണാടിയുടെ നിർമ്മാണ മേഖല, ആറന്മുള കൊട്ടാരം എന്നിവയാണ് തുടർന്നുള്ള സന്ദർശന വേദികൾ. സുഗതകുമാരിയുടെ ജന്മ ഗൃഹമായ വാഴുവേലിൽ തറവാട്ടിൽ വൈകിട്ട് പൈതൃക കാൽ നടയാത്രയുടെ സമാപനം നടക്കും. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ പങ്കെടുക്കും.