ഡല്‍ഹി : സുപ്രീംകോടതിയുടെ സ്തംഭനാവസ്ഥക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. കൊവിഡുമായി ബന്ധപ്പെട്ട കേസുകൾക്കൊപ്പം പുതുതായി എത്തുന്ന ചുരുക്കം ചില കേസുകൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. അറുപതിനായിരം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ നാല്പത് ദിവസത്തിനിടെ സുപ്രീംകോടതി പരിഗണിച്ചത് ആയിരത്തിൽ താഴെ കേസുകൾ മാത്രം. ഒരു മാസത്തിൽ ചുരുങ്ങിയത് അയ്യായിരത്തിലധികം കേസുകൾ കേട്ടിരുന്ന സ്ഥാനത്താണ് ഇത്. പ്രധാനപ്പെട്ട നിരവധി കേസുകളുടെ വാദം കേൾക്കലും തടസ്സപ്പെട്ടു.
സാങ്കേതിക വിദ്യയിൽ പരിചയം കുറവായതിനാൽ നിരവധി അഭിഭാഷകർക്ക് കേസുകൾ നൽകാനോ വാദിക്കാനോ കഴിയുന്നില്ലെന്നാണ് ബാർ അസോസിയേഷന്റെ പരാതി. കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്ന വിമർശനവുമായി മുൻ ജഡ്ജി മദൻ ബി ലോക്കൂർ രംഗത്തെത്തിയത് ഇതേ ചൊല്ലിയുള്ള വിമർശനം കടുപ്പിച്ചിട്ടുണ്ട്.
അറുപതിനായിരത്തിലധികം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. ഐ ബോബ്ഡെ വ്യക്തമാക്കി. കോടതി നടപടികൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സാമൂഹ്യ അകലം പാലിച്ച് കോടതികൾ പ്രവർത്തിച്ചു തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ കോടതികളും വീഡിയോ കോൺഫറൻസിംഗ് വഴി പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.