ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രാജ്പുത്ത് കടുത്ത വിഷാദം അനുഭവിച്ചിരുന്നതായി ഡോക്ടറുടെ മൊഴി. സുശാന്തിനെ ചികിത്സിച്ച മനഃശാസ്ത്രജ്ഞരുടെ മൊഴി ആണിത്. മുംബൈ പോലീസിനു നല്‍കിയ മൊഴിയിലാണ് രണ്ടു ഡോക്ടര്‍മാര്‍ സുശാന്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാമുകി റിയ ചക്രവര്‍ത്തി ഡോക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും മൊഴിയിലുണ്ടെന്നാണ് സൂചന. അതേസമയം റിയ ചക്രവര്‍ത്തിയാണു സുശാന്തിനെ മനോരോഗിയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി സഹോദരി പ്രിയങ്ക സുശാന്തിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതു പുറത്തായിരുന്നു.
സുശാന്തിന്റെ ഫ്ലാറ്റില്‍ നിന്നു റിയ സ്വന്തം വീട്ടിലേക്കു മാറിയ ജൂണ്‍ എട്ടിന് പ്രിയങ്കയും സുശാന്തും തമ്മില്‍ നടത്തിയ ചാറ്റ് ആണിത്. 2019 ഒക്ടോബറിലാണ് സുശാന്ത് ആദ്യമായി തന്റെ മുന്‍പില്‍ ചികിത്സയ്ക്ക് എത്തിയതെന്ന് രണ്ടാമത്തെ ഡോക്ടര്‍ മുംബൈ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
സുശാന്തിനു തന്റെ രോഗത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ കൃത്യമായി മരുന്നുകള്‍ കഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മരുന്നുകള്‍ മുടക്കുമായിരുന്നു. ഇതാകാം രോഗം വഷളാകാന്‍ കാരണമെന്നും മൊഴിയില്‍ പറയുന്നു