കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാത്തതെന്നും ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി.
സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ എന്‍.ഐ.എ. അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്‌നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. സ്വപ്‌നയുടെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയും ചോദ്യംചെയ്യല്‍ നടക്കും. സ്വപ്‌ന മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും എന്‍.ഐ.എ. സംഘം പരിശോധിക്കും.