തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് പ്രത്യേക ഉദ്യേശത്തോടെയാണെന്നാണ് വിലയിരുത്തൽ.
മൊഴി ചോർത്തിയത് അന്വേഷണ സംഘത്തിന്റെ മനോബലം തകർക്കാനെന്നാണ് വിലയിരുത്തുന്നത്. ഉത്തരവാദികളെ ഉടൻ കണ്ടെത്താനും കേന്ദ്ര നിർദേശമുണ്ട്. മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവർത്തകരോടടക്കം കസ്റ്റംസ് തിരക്കി. മൊഴി ചോർത്തിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റംസിലെ തന്നെ ഒരു സൂപ്രണ്ട് നിരീക്ഷണത്തിലാണ്.
അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയ മൊഴി പുറത്തുവന്നിരുന്നു. അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് താനാണെന്നും ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്ന പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.