ശ്രീനഗര്‍ : ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള റെയില്‍വേ പാലത്തിന്റെ പണി പൂര്‍ത്തിയായി. ജമ്മുകശ്മീരില്‍ ചെനാബ് നദിക്ക് കുറുകെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേയുടെ നിര്‍മ്മാണങ്ങളില്‍ നാഴികക്കല്ലായിരിക്കുകയാണ് ഈ നിര്‍മ്മിതി. കശ്മീര്‍ താഴ്വരയിലേക്ക് എത്താന്‍ വേഗം കൂട്ടുന്നതാണ് 1.3 കിലോമീറ്റര്‍ നീളമുള്ള ഈ പാലം. 1486 കോടി രൂപ ചെലവിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഉധംപൂര്‍ – ശ്രീനഗര്‍ – ബാരാമുള്ള റെയില്‍വേ പാതയെ ബന്ധിക്കുന്നതാണ് ഈ പാലം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ഈ പാലത്തിന്. പാലത്തിലെ അവസാന മെറ്റല്‍ പീസ് സ്ഥാപിച്ചത് തിങ്കളാഴ്ചയാണെന്നാണ് റെയില്‍വേ മന്ത്രാലയം വിശദമാക്കുന്നത്. 28660 മെട്രിക് ടണ്‍ സ്റ്റീലാണ് പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
10 ലക്ഷം ക്യുബിക് മീറ്റര്‍ എര്‍ത്ത് വര്‍ക്കും 66000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും പാലത്തിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ പാലം കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റൈസി ജില്ലയിലാണ് ഈ പാലം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഈ പാത വലിയ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.
റിക്ടര്‍ സ്കെയിലില്‍ 7 പോയിന്റ് വരെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ പാതയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലം നിര്‍മ്മിച്ചത്.