ചെന്നൈ : പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നു. തമിഴ്നാട്ടിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയ്ക്ക് അഭിഭാഷകരുടെ നേതൃത്വത്തിൽ മദ്രാസ് ഹൈക്കോടതിയ്ക്ക് മുൻപിൽ മനുഷ്യ ചങ്ങല തീർക്കും. ബാർ കൗൺസിലിലെ മുതിർന്ന അഭിഭാഷകർക്കൊപ്പം നിയമ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ അണിനിരക്കും. തമിഴ്നാട്ടിൽ വ്യാപിയ്ക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പോലീസ് നടപടികളും ഊർജ്ജിതമാവുകയാണ്. കഴിഞ്ഞ ദിവസം കോലമിട്ട് പ്രതിഷേധ സംഘത്തെ അറസ്റ്റ് ചെയ്തതും പിടിയിലായതിൽ ഗായത്രി എന്ന യുവതിയ്ക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന പോലീസിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ക്രിസ്തുമസ് അവധി കഴിഞ്ഞ് കോളേജുകൾ തുറക്കുന്നതോടെ വിദ്യാർത്ഥി പ്രക്ഷോഭവും വ്യാപിയ്ക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് പൗരാവലിയുടെ മഹാറാലി ഇന്ന് നടക്കും. വൈകിട്ട് നാലിന് കടപ്പുറത്തെ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് റാലി ആരംഭിക്കും. ഡോ.എം ജി എസ് നാരായണന്‍ റാലി ഫ്ലാഗ് ഓഫ് ചെയ്യും. സി.എച്ച് ഓവര്‍ബ്രിഡ്ജ് വഴി മുതലക്കുളത്ത് റാലി സമാപിക്കും. എഴുത്തുകാരായ യു.എ ഖാദര്‍, കെ.പി രാമനുണ്ണി, നടന്‍ മാമുക്കോയ തുടങ്ങി സാംസ്കാരിക സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്ന് ജനകീയയാത്ര നടത്തും. ബെന്നി ബെഹനാന്‍ എം.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂര്‍ മുതല്‍ ആലുവ വരെ നടക്കുന്ന റാലിയില്‍ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിലുള്ള നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും പങ്കെടുക്കും. ആലുവയിലെ സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.