ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിൽനിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി. നേരത്ത പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയതിനെ തുടർന്നാണ് കേരളത്തെയും ബംഗാളിനെയും ഒഴിവാക്കിയതെന്നാണ് സൂചന.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ അവതരിപ്പിച്ചത്. മൂന്നാം റൗണ്ടിലാണ് നിശ്ചല ദൃശ്യം ഒഴിവാക്കിയത്.
ജനുവരി 26-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യങ്ങൾ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകൾ സമർപ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്ന് 24 മാതൃകകൾ നൽകി. ഇതിൽ 16 സംസ്ഥാനങ്ങളുടേതുൾപ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നൽകിയത്.