അടൂര്‍ : പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിലേക്ക് പെട്രോള്‍ ടാങ്കര്‍ ലോറി ചരിഞ്ഞു. കൊച്ചിയില്‍ നിന്നും പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി പഴകുളം ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിലേക്ക് ചരിഞ്ഞത്. 12,000 ലിറ്റര്‍ പെട്രോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് ആളുകളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ടാങ്കറിന്റെ പിന്‍ ചക്രം പകുതിയോളം കുഴിയില്‍ അകപ്പെട്ടു.
പൈപ്പ് ഇടാനായി ആറടിയില്‍ കൂടുതല്‍ താഴ്ചയില്‍ കുഴി എടുത്തതില്‍ പൂഴി മണ്ണ് മാത്രം നിറച്ചതാണ് അപകടകാരണം. സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റജി കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ എസ്.എ ജോസ്, കെ ജി രവീന്ദ്രന്‍, അജി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി.
ചെയിന്‍ ബ്ലോക്ക്, ജെ.സി.ബി എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയര്‍ത്തി പിന്നിലേക്ക് തള്ളി നീക്കുകയായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഇന്ധനം നിറച്ച വാഹനമായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് മറ്റ് ഫയര്‍ സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വാഹനം ഉയര്‍ത്തിയതോടെ വലിയ ആശങ്കയാണ് ഒഴിവായത്.