മുംബയ് : ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കൊടുംക്രിമിനല്‍ ഭാര്യമാതാവിനെ തലയ്ക്കടിച്ചുകൊന്നു. ജയില്‍ മോചിയതനായതിന്റെ പിറ്റേദിവസമാണ് അരും കൊല നടത്തിയത്. പ്രതി അബ്ബാസ് ഷെയ്ക്കിനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിലാസം നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രകോപനത്തിന് കാരണം. മുംബയ്ക്കുസമീപത്തായിരുന്നു സംഭവം.
മോഷണക്കുറ്റത്തിന് പൂനെ യെര്‍വാഡ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അബ്ബാസ് ഷെയ്ക്ക്. കഴിഞ്ഞദിവസം ജയില്‍ മാേചിതനായ ഇയാള്‍ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈല്‍സ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.
അവര്‍ തല്‍ക്ഷണം മരിച്ചു. മരണം ഉറപ്പാക്കാന്‍ നിരവധി തവണയാണ് അടിച്ചത്. തുടര്‍ന്ന് സമീപത്തുളള ഒരു ഹോട്ടലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 3,000 രൂപയും മദ്യവും തട്ടിയെടുത്തശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.