ആലപ്പുഴ: യൂണിയന്‍ ആഫീസിലെ പഞ്ചലോഹ വിഗ്രഹം കാണ്മാനില്ല, സുബാഷ് വാസുവിനെതിരെ പരാതി. എസ്‌എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റായ സുഭാഷ് വാസുവിനെതിരെ പരാതി. മാവേലിക്കര എസ്‌എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കാണാതായെന്നാരോപിച്ചാണ് പരാതി. മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് എസ്‌എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയാണ് പരാതി നല്‍കിയത്. യൂണിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു സെക്രട്ടറി ബി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എം പെരിങ്ങര എന്നിവര്‍ ചേര്‍ന്നാണ് ഇവ ഓഫീസില്‍ നിന്ന് കടത്തിയതെന്നാണ് ആരോപണം.
ഗുരുദേവ ചിത്രത്തോടൊപ്പം നെയ് വിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കുന്ന സ്വര്‍ണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാന്‍സിന്റെ സംഘം വായ്പ തിരിച്ചടവ് വായ്പ പാസ്ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്‌മെന്റ് രസീതുകള്‍ എന്നിവ നഷ്ടമായെന്നാണ് പരാതി. മൈക്രോ സ്വയം സഹായ സംഘങ്ങളില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവര്‍ അന്വേഷണത്തില്‍ ഹാജരാക്കേണ്ട തെളിവുകളാണ് ഓഫീസില്‍ നിന്ന് കടത്തിയതെന്നും പരാതിയില്‍ പറയുന്നു.