ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങളില്‍നിന്ന് വരുമാനം കണ്ടെത്താനൊരുങ്ങി സര്‍ക്കാര്‍. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിച്ച് ഇതില്‍നിന്ന് ലഭിക്കുന്ന പലിശയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു. ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതുവര്‍ഷമായി ക്ഷേത്രങ്ങളിലേക്കു ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണബിസ്കറ്റുകളാക്കി മാറ്റി ബാങ്കുകളില്‍ നിക്ഷേപിക്കും. ഇതില്‍നിന്ന് ലഭിക്കുന്ന 2.5 ശതമാനം പലിശവഴി വര്‍ഷത്തില്‍ 20 കോടിരൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ തുക ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ 30 ആനകളെ മാസത്തില്‍ രണ്ടുതവണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആനകള്‍ക്ക് ചികിത്സ നല്‍കിയിരുന്നത്. കൂടാതെ, ക്ഷേത്രപരിസരത്ത് ആനകള്‍ക്ക് കുളിക്കാന്‍ കുളങ്ങള്‍ നിര്‍മിക്കും. ദേവസ്വംവകുപ്പിനുകീഴിലുള്ള ക്ഷേത്രങ്ങള്‍ സ്വകാര്യസ്വത്തല്ലെന്നും ഒരിക്കലും വ്യക്തികള്‍ക്ക് കൈമാറില്ലെന്നും ശേഖര്‍ ബാബു ആവര്‍ത്തിച്ചു.
ക്ഷേത്രങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന 539 ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും നവീകരണവും നടത്താന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനകം ക്ഷേത്ര ഭൂമി കൈയേറിയ ഒട്ടേറെ വ്യക്തികളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.