ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയായ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള തെക്കൻ വസീരിസ്ഥാൻ ജില്ലയിലെ മകീനിലെ ലിതാ സർ ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. അഫ്ഗാൻ അതിർത്തിയോടു ചേർന്ന മേഖലകളിൽ പാക് സൈന്യത്തിനെ ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണങ്ങൾ പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും ചെക്ക് പോസ്റ്റുകളേയും ടിടിപി അടക്കമുള്ള തീവ്രവാദ സംഘടനകളാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകൾക്കെതിരായ ആക്രമണങ്ങൾക്ക് പുറമേയാണ് പാക് താലിബാന്റെ ഈ ആക്രമണങ്ങൾ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സൈനിക നടപടികളിലായി 11 തീവ്രവാദികളെയാണ് പാകിസ്ഥാൻ സൈന്യം വധിച്ചത്. ഇതിനുള്ള പ്രത്യാക്രമണമാണ് ശനിയാഴ്ച്ചയുണ്ടായ ആക്രമണമെന്ന് പാക് താലിബാൻ വ്യക്തമാക്കി.