വാഹന ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു ടെസ്‌ലയുടെ സൈബർ ട്രക്ക് കോൺസെപ്റ്റ്. 2019ലായിരുന്നു വാഹനത്തിന്റെ കോൺസെപ്റ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ വാഹനം ഇപ്പോൾ നിരത്തിൽ കുതിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. സൈബർ ട്രക്കിന്റെ വിൽപന കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഡിസംബർ ഒന്നാം തിയതിയാണ് സൈബർട്രക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറങ്ങിയത്. ഉരുക്കിന്റെ കരുത്തും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും അത്യാധുനിക സാങ്കേതിക വിദ്യയും സൈബർ ട്രക്കിന്റെ മാറ്റ്. അൾട്രാ ഹാർട് 30എക്‌സ് കോൾഡ് റോൾഡ് സ്‌റ്റെയിൻലെസ് സ്റ്റീൽ ബോഡിയാണ് സൈബർ ട്രക്കിന് നൽകിയിട്ടുള്ളത്. വിൻഡ് ഷീൽഡിൽ നിന്ന് ചരിഞ്ഞിറങ്ങുന്ന മുൻവശം ബോക്‌സി ഡിസൈനിലാണ് അവസാനിക്കുന്നത്. ഹെഡ്‌ലൈറ്റിന് പകരം മുൻഭാഗത്ത് മുഴുവനായി പരന്നുകിടക്കുന്ന എൽ.ഇ.ഡി. ലൈറ്റ് സ്ട്രിപ്പാണ് നൽകിയിട്ടുള്ളത്.
സാധാരണ കാറുകളുടെ ഡോർ പാനലുകൾക്ക് 0.7-1 മില്ലിമീറ്റർ വരെ കനമാണെങ്കിൽ സൈബർ ട്രക്കിന്റെ ഡോർ 3 എംഎം കനമുണ്ട്. ഒരു തട്ടുപോലെ തോന്നിക്കുന്ന ഡാഷ്‌ബോർഡാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഇവിടെ ആകെ നൽകിയിട്ടുള്ളത് ഒരു ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ്. ഇതിന് 18.5 ഇഞ്ച് വലിപ്പമുണ്ട് ഇതിന്. വെർട്ടിക്കിളായാണ് ഈ സ്‌ക്രീൻ പ്ലെയിസ് ചെയ്തിട്ടുള്ളത്. ലെതർ ഡിസൈനിങ്ങിലാണ് സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. മുൻനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ നൽകിയിരിക്കുന്നത് പോലെ പിൻനിരയിലും രണ്ട് സീറ്റുകൾ ക്യാപ്റ്റൻ സീറ്റുകൾക്ക് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. പിൻനിര യാത്രക്കാർക്കായും ഒരു എന്റർടെയ്ൻമെന്റ് സ്‌ക്രീനും ഈ വാഹനത്തിനുള്ളിൽ നൽകിയിട്ടുണ്ട്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ്, സൈബർബീസ്റ്റ് എന്നീ മൂന്ന് വേരിയന്റുകളിലാണ് സൈബർ ട്രക്ക് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
അടിസ്ഥാന മോഡലായ റിയർ വീൽ ഡ്രൈവ് മോഡലിന് ഇന്ത്യൻ രൂപ 50.75 ലക്ഷം രൂപയും ഓൾ വീൽ ഡ്രൈവിന് 66.56 ലക്ഷവും ഉയർന്ന വേരിയന്റായ സൈബർബീസ്റ്റിന് 83.21 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റിയർ വീൽ ഡ്രൈവ് മോഡലിനായി 2025 വരെ കാത്തിരിക്കേണ്ടി വരും. സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും കരുത്തിലായിരിക്കും അടിസ്ഥാന മോഡലായ റിയർവീൽ ഡ്രൈവ് മോഡൽ എത്തുന്നത്. 5680 എം.എം. ആണ് ഈ വാഹനത്തിന്റെ നീളം. 2400 എം.എം. വീതി, 1790 എം.എം. ഉയരം എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവ്. 3.1 ടൺ ഭാരമുള്ള ഈ വാഹനത്തിന്റെ ഭാരവാഹക ശേഷി അഞ്ച് ടൺ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. വെടിയുണ്ടയെ പോലും പ്രതിരോധിക്കുന്ന കരുത്തും ഈ വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൈബർ ട്രക്കിന്റെ ബുള്ളറ്റ് പ്രൂഫ് മികവിന്റെ വീഡിയോ ടെസ്‌ല പുറത്തുവിട്ടിരുന്നു.