തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനഘട്ടത്തിലേക്ക് എത്തിയോ എന്നറിയുന്നതിനായി നടത്തിയ 10000 ആന്റിബോഡി പരിശോധനാഫലങ്ങള്‍ ഉപേക്ഷിക്കുന്നു. പരിശോധനാ കിറ്റുകളുടെ ഗുണമേന്മയിലുണ്ടായ സംശയമാണ് ഇതിനു കാരണം. 14 ജില്ലകളിലായാണ് 10,000 പേരില്‍ ഈ ടെസ്റ്റ് നടത്തിയത്. എച്ച്‌എല്‍എല്ലില്‍ നിന്നു ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവരുള്‍പ്പെടെയുള്ളവരിലായിരുന്നു പരിശോധന.
ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതല്‍ ഫലങ്ങള്‍ പോസിറ്റീവ് ആയതോടെയാണ് പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നത്. ഈ ഫലം സര്‍ക്കാര്‍വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല. കൂടാതെ, പരിശോധന നടത്തിയ ജൂണ്‍ 8നു ശേഷം അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളില്‍ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്നും വിദഗ്ധര്‍ പറഞ്ഞു.