കൊച്ചി : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിക്ഷേപകര്‍ ഹൈക്കോടതിയില്‍. ഉടമ സജി സാമിനെ അറസ്റ്റ് ചെയ്തെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സജിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. ഇതിനെതിരെ തറയില്‍ ഫിനാന്‍സിലെ ചില നിക്ഷേപകരാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തട്ടിപ്പില്‍ പങ്കാളിയായ റാണി സജിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും നിക്ഷേപകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിക്ഷേപകര്‍ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി. ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന് പിന്നാലെയാണ് പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്ന തറയില്‍ ഫിനാന്‍സ് പൂട്ടിയത്. ലോക് ഡൌണ്‍ കാലത്ത് സ്ഥാപനം അടഞ്ഞുകിടന്നത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. സ്ഥാപനം പൂട്ടി ഇരുവരും ഒളിവിലായിരുന്നു. പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമായത്തോടെ സജി സാം പത്തനംതിട്ട പോലീസില്‍ കീഴടങ്ങുകയായിരുന്നു. തറയില്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച കോടികള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ സജി നിക്ഷേപിച്ചതായി പറയുന്നു.
ഇവിടെനിന്നും ലഭിച്ചുകൊണ്ടിരുന്ന പലിശയാണ് സജി സാം തന്റെ സ്ഥാപനത്തിലെ നിക്ഷേപകര്‍ക്ക് നല്കിക്കൊണ്ടിരുന്നത്. പോപ്പുലര്‍ അടച്ചുപൂട്ടിയതോടെ പലിശ ലഭിക്കാതെയായി. ഇതിനെത്തുടര്‍ന്ന് തറയില്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ക്കും പലിശ നല്‍കുവാന്‍ സജിക്ക് കഴിഞ്ഞില്ല. ഇതോടെ പണം മടക്കിനല്‍കാന്‍ നിക്ഷേപകര്‍ ആവശ്യപ്പെട്ടെങ്കിലും സജിക്ക് കഴിഞ്ഞില്ല. പോപ്പുലര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ തന്നെയാണ് തറയില്‍ ഫിനാന്‍സ് പ്രതികള്‍ക്ക് വേണ്ടിയും ഹാജരാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.